ഷീറോസ് പൊന്നാനിയുടെ അഞ്ചാം വാർഷീകം, സാറ ജോസഫ് ടീച്ചർക്കൊപ്പം

2021 ജനുവരി 1 ന്, ഉദ്ഘാടനം ചെയ്യപ്പെട്ട ഷീറോസ് പൊന്നാനി, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുമായ് ജൈത്രയാത്ര തുടങ്ങിയിട്ട് ഇത് അഞ്ചാം വർഷം. സൗദ പൊന്നാനിയുടെ ഫേസ്ബുക്ക് കുറിപ്പ്.

ഷീറോസ് പൊന്നാനിയുടെ അഞ്ചാം വാർഷീകം പ്രശസ്ത എഴുത്തുകാരിയും, സ്ത്രീശാക്തീകരണ പ്രവർത്തകയുമായ സാറ ജോസഫ് ടീച്ചർക്കൊപ്പം

2021 ജനുവരി 1 ന്, ഉദ്ഘാടനം ചെയ്യപ്പെട്ട ഷീറോസ് പൊന്നാനി, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുമായ് ജൈത്രയാത്ര തുടങ്ങിയിട്ട് ഇത് അഞ്ചാം വർഷം. ശാരീരിക അസ്വസ്ഥതകൾ കാരണം കുറച്ചു നീണ്ടു പോയ Appointment ഇന്നത്തേക്ക് (8/2/2026) സാറ ടീച്ചർ ഞങ്ങൾക്ക് തന്നത് മൂന്ന് ദിവസം മുൻപാണ്. ഷീറോസിൻ്റെ രക്ഷാധികാരി നിർമ്മല അമ്പാട്ടാണ് Appointment ഫിക്സ് ചെയ്യാനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചത്.

വെറും മൂന്ന് ദിവസങ്ങൾ കൊണ്ട്, ഒരു പെൺകൂട്ടത്തിൻ്റെ യാത്ര ആസൂത്രണം ചെയ്യുക എന്നത് അൽപ്പം പ്രയാസകരമായിരുന്നു. റമദാൻ പടിവാതിൽക്കലെത്തി നിൽക്കുന്നതിൻ്റെ തിരക്കുകളിൽ വ്യാപൃതരായ മുസ്ലിം സ്ത്രീകൾ, ഞായറാഴ്ച്ചയായതിനാൽ കല്യാണവും, മറ്റ് ബന്ധുവീടുകളിലെ വിശേഷങ്ങളുമായി തിരക്കിലായവർ, മകരമാസത്തിലെ കൊടുംതണുപ്പിൻ്റെ ശാരീരിക ബുദ്ധിമുട്ടുള്ളവർ... അങ്ങനെയങ്ങനെ പല പ്രശ്നങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പെണ്ണുങ്ങളെ മൂന്ന് ദിവസം കൊണ്ട് ഒരു യാത്രയ്ക്ക് സജ്ജരാക്കുക എന്നത് ഒരു ഹെർക്കൂലിയൻ ടാസ്ക് തന്നെയായിരുന്നു... എങ്കിലും സാറ ടീച്ചറെ കാണണമെന്ന അതിതീവ്ര ആഗ്രഹമുണ്ടായിരുന്ന പതിനഞ്ച് പേർ ഒരുങ്ങിയിറങ്ങി

ആലാഹയുടെ പെൺമക്കളും, ബുധിനിയും, ആതിയും, ഒതപ്പും, മാറ്റാത്തിയും, പാപത്തറയും, എസ്തേറുമൊക്കെ നമുക്ക് സമ്മാനിച്ച.... മാനുഷി എന്ന കരുത്തുറ്റ സ്ത്രീ കൂട്ടായ്മയുടെ സാരഥിയായി പ്രവർത്തിച്ച.... കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകളടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ... മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരിയെ നേരിട്ടു കാണാൻ... ഒന്നു തൊടാൻ... കെട്ടിപ്പിടിക്കാൻ... സ്നേഹചുംബനങ്ങൾ നൽകാൻ.... കൂടെ ചേർന്ന് നിന്ന് ഒത്തിരി ചിത്രങ്ങളെടുക്കാൻ... ഷീറോസിൻ്റെ പെൺപട തൃശൂർക്ക്😍

രാവിലെ കൃത്യം 10 മണിക്ക് പൊന്നാനി ചന്തപ്പടിയിൽ നിന്ന് പുറപ്പെട്ടു. 11.30AM ന് തൃശൂർ മുളങ്കുന്നത്ത് കാവിലുള്ള സാറ ടീച്ചറുടെ "അൻപ്" എന്ന വീട്ടിലെത്തി. ഞങ്ങൾക്കായ് ടീച്ചർ നൽകിയ നല്ല തണുതണുത്ത സംഭാരം കുടിച്ചു. ശേഷം, തൻ്റെ എഴുത്ത് ജീവിതത്തെക്കുറിച്ചും, മാനുഷി എന്ന സ്ത്രീ കൂട്ടായ്മയുടെ പ്രവർത്തന നാളുകളെ കുറിച്ചും ടീച്ചർ ഞങ്ങളോട് വിശദമായി സംസാരിച്ചു.

ഷീറോസ് എന്ന പേരിനെ സാറ ടീച്ചർ അഭിനന്ദിച്ചു, ഷീറോസ് ഇറക്കിയ കഥാസമാഹാരം, ഷിസ്റ്ററി എന്ന പേരിനേയും

സ്ത്രീധന മരണങ്ങൾ, ഗാർഹിക പീഢനങ്ങൾ, സ്ത്രീകൾ നേരിടുന്ന അനീതികൾ എന്നിവയ്ക്കെതിരെയൊക്കെ എൺപതുകളിൽ തന്നെ മാനുഷിയിലൂടെ ഞാനും, എൻ്റെ പെൺമക്കളും നടത്തിയ ഒത്തിരി പോരാട്ടങ്ങളുടേയും.. അതിനോടൊപ്പവും ശേഷവുമുണ്ടായ നിരവധി സ്ത്രീ കൂട്ടായ്മകളിലൂടെയുമെല്ലാമാണ് ഇന്ന് സ്ത്രീകൾക്കനുകൂലമായി നിരവധി നിയമങ്ങളുണ്ടായതെന്നും, അത്തരം നിയമങ്ങളെ സശ്രദ്ധം ഉപയോഗിക്കേണ്ടതുണ്ടെന്നും... അത്തരം കാര്യങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാനുള്ള ചർച്ചകളും പ്രവർത്തനങ്ങളും നടത്താൻ ഷീറോസിന് സാധിക്കട്ടെ എന്നും സാറ ടീച്ചർ ആശംസകൾ നേർന്നു.

അൻപ് എന്ന പരിസ്ഥിതി സൗഹൃദമായ സുന്ദര ഭവനത്തിൻ്റെ പൂമുഖത്തെ ശീതളഛായയിൽ ഇരുന്ന് ഒന്നര മണിക്കൂറോളം സംവദിച്ചതിന് ശേഷം, വീടിനോട് ചേർന്നുള്ള അതിവിശാലമായ ലൈബ്രറിയിലേക്ക് ടീച്ചർ ഞങ്ങളെ കൊണ്ടുപോയി. അവിടെ വെച്ച് ഒരു ബുദ്ധപ്രതിമ ഷീറോസിൻ്റെ സ്നേഹ സമ്മാനമായ് ടീച്ചർക്ക് നൽകി. ടീച്ചറോടൊപ്പം ഒത്തിരി ചിത്രങ്ങളെടുത്തു... ടീച്ചറുടെ പുസ്തകങ്ങളും, പുരസ്കാരങ്ങളും കൺനിറയെ കണ്ടു... പാചകറാണി നദീറത്ത ഉണ്ടാക്കിക്കൊണ്ടുവന്ന മധുര പലഹാരവും ടീച്ചർക്ക് നൽകി.. ഷീറോസിൻ്റെ എഴുത്തുകാരികൾ സ്വന്തം പുസ്തകങ്ങൾ ടീച്ചർക്ക് സമ്മാനിച്ച് അനുഗ്രഹം വാങ്ങി.

ഷീറോസിൻ്റെ സ്നേഹവായ്പ്പിന് മുന്നിൽ ഹൃദയം നിറഞ്ഞൊഴുകിയ ആനന്ദാധിക്യത്തെ മറച്ചുവെയ്ക്കാതെ ആ വലിയ എഴുത്തുകാരി നിഷ്കളങ്കമായ് പൊട്ടിച്ചിരിച്ചു... ഞങ്ങളെ ചേർത്തു പിടിച്ചു.

ഉച്ചയ്ക്കൊരു മന്തിയും കഴിച്ച്, ജഗപൊക ഡാൻസും, പാട്ടുമായ് മടക്കയാത്ര. മൂന്ന് മണിയോടെ നാട്ടിലെത്തി.

കൂടെ നിന്ന പ്രിയങ്ങളേ, നിറയെ നിറയെ സ്നേഹം... ഒരായിരം ഉമ്മകൾ😘

(സൗദ പൊന്നാനി)


RELATED ARTICLES

ശരീരത്തിന്റെ മറവിൽ ഒളിഞ്ഞിരിക്കുന്ന നല്ല ഒരു കുടലിന്റെ പ്രയോജനങ്ങൾ

ലേനാക്കാപവിർ പോലുള്ള പുതിയ പ്രതിരോധ ഉപകരണങ്ങൾ ജീവരക്ഷാപരമായ പ്രാധാന്യമുള്ളവയായി മാറിയിരിക്കുന്നു.

സോയ ഓയിൽ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുമ്പോൾ നാം അറിഞ്ഞിരിക്കേണ്ട വസ്തുത .

ഷീറോസ് പൊന്നാനിയുടെ അഞ്ചാം വാർഷീകം സാറ ജോസഫ് ടീച്ചർക്കൊപ്പം

2021 ജനുവരി 1 ന്, ഉദ്ഘാടനം ചെയ്യപ്പെട്ട ഷീറോസ് പൊന്നാനി, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുമായ് ജൈത്രയാത്ര തുടങ്ങിയിട്ട് ഇത് അഞ്ചാം വർഷം.

TRAVEL

Usman Bappu

12/9/20251 min read