സ്മോക്ക്‌ഡ് പൈനാപ്പിൾ–ചെമ്മീൻ ബട്ടർ റോസ്റ്റ്

12/31/2025

പുതുവത്സര വിഭവങ്ങളിൽ ചെമ്മീൻ എന്നും പ്രിയപ്പെട്ടതാണ്. എന്നാൽ ഈ റസീപ്പി, ചെമ്മീനിനെ പതിവ് വഴികളിൽ നിന്ന് മാറ്റി, ട്രോപ്പിക്കൽ ഫ്രൂട്ട് ആയ പൈനാപ്പിളിന്റെ സ്വീറ്റ്–ടാങി സ്വഭാവത്തോടും പുകയുടെ ലഘു സുഗന്ധത്തോടും ചേർത്ത് അവതരിപ്പിക്കുന്നു. കടൽപ്പാട്ടിന്റെ ഉപ്പും പഴത്തിന്റെ മധുരവും ബട്ടറിന്റെ സമൃദ്ധിയും ഒരുമിച്ചെത്തുമ്പോൾ, ഇത് ഒരു സാധാരണ സീഫുഡ് ഡിഷ് എന്നതിലുപരി ഒരു വ്യത്യസ്തമായ എക്സ്പീരിയന്‍സ് ആയി മാറുന്നു.

ഒവനോ, ഗ്രില്ലോ ഇല്ലാതെ, ഒരു പാനിൽ തന്നെ തയ്യാറാക്കാവുന്ന ഈ വിഭവത്തിന്റെ പ്രത്യേകത അതിന്റെ ബാലൻസിലാണ്—മസാല കൂടുതല്‍ ആകാതെ, പൈനാപ്പിൾ ചെറുതായി കരമലൈസ് ആകുമ്പോൾ, ചെമ്മീൻ അതിന്റെ ജ്യൂസിനസ് നിലനിർത്തുന്നു. പ്ലേറ്റിൽ വെച്ചാൽ തന്നെ, “ഇത് വീട്ടിൽ തന്നെയാണോ തെയ്യറാക്കിയത് ?” എന്ന ചോദ്യം ഉയർത്തുന്ന, പുതുവത്സരത്തിന്റെ ആദ്യ രാത്രിക്ക് പറ്റിയൊരു ആഡംബര രുചി.

ആവശ്യമായ ചേരുവകൾ

ക്ലീന്‍ ചെയ്ത വലിയ ചെമ്മീൻ – 500 ഗ്രാം

ഉപ്പ് – ആവശ്യത്തിന്

കുരുമുളക് പൊടി – ½ ടീസ്പൂൺ

മഞ്ഞൾ പൊടി – ഒരു നുള്ള്

പൈനാപ്പിൾ (ചെറിയ ക്യൂബുകൾ) – 1 കപ്പ്

വെണ്ണ – 3 ടേബിൾസ്പൂൺ

വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) – 1½ ടേബിൾസ്പൂൺ

പച്ചമുളക് (slit) – 1

കശ്മീരി ചില്ലി പൊടി – 1 ടീസ്പൂൺ

കുരുമുളക് പൊടിച്ചത് – 1 ടീസ്പൂൺ

നാരങ്ങ നീര് – 1 ടീസ്പൂൺ

പുകമണം നൽകാൻ ചെറിയ ചാര്‍ക്കോള്‍ - ഒരു കഷണം

നെയ് – 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ചെമ്മീനിൽ ഉപ്പ്, കുരുമുളക്, മഞ്ഞൾ ചേർത്ത് 10 മിനിറ്റ് മാറ്റിവെക്കുക.
ഒരു പാനിൽ അല്പം വെണ്ണ ചൂടാക്കി, പൈനാപ്പിൾ ക്യൂബുകൾ ചേർത്ത് മിതമായ തീയിൽ ഗോൾഡൻ നിറം വരുംവരെ വഴറ്റി പൈനാപ്പിൾ കരമലൈസ് ചെയ്ത് മാറ്റിവെക്കുക. അതേ പാനിൽ ശേഷിക്കുന്ന വെണ്ണ ചേർത്ത് വെളുത്തുള്ളിയും പച്ചമുളകും വഴറ്റുക. കശ്മീരി ചില്ലി പൊടിയും കുരുമുളകും ചേർത്ത് തീ കുറയ്ക്കുക. ചെമ്മീൻ ചേർത്ത് ഓരോ വശവും 2–3 മിനിറ്റ് വീതം വേവിക്കുക. പാനിന്റെ നടുവിൽ ചെറിയ സ്റ്റീൽ കപ്പ് വെച്ച് ചൂടാക്കിയ ചാര്‍ക്കോള്‍ ഇടുക. മുകളിൽ നെയ് ഒഴിച്ച് ഉടൻ പാൻ മൂടി 2 മിനിറ്റ് പുക അടക്കുക. കരമലൈസ് ചെയ്ത പൈനാപ്പിൾ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അവസാനം നാരങ്ങ നീര് ചേർത്ത് തീ ഓഫ് ചെയ്യുക. കുറച്ച് സമയം കഴിഞ്ഞ് സെര്‍വ്വ് ചെയ്യാം .

- സ്മിത അര്‍ജുന്‍